mobility hub service

 

 

 

കൊച്ചിയിൽ നടപ്പാക്കാൻ പോകുന്ന      ‘വാട്ടർ മെട്രോ’ പദ്ധതിക്കു ജർമൻ വികസന ബാങ്കു  (കെഎഫ്ഡബ്ല്യു)  മായി വായ്പ കരാർ ഒപ്പിട്ടതോടെ സംസ്ഥാനത്തിന്റെ ഗതാഗത ചരിത്രത്തിൽ തിളക്കമുള്ള മറ്റൊരു അധ്യായത്തിനുകൂടി തുടക്കമാകുന്നു. ജലഗതാഗത രംഗത്ത് അതിപുരാതന ചരിത്രം സ്വന്തമായുള്ള കൊച്ചിയുടെ ജാതകം ഇൗ പദ്ധതി മാറ്റിക്കുറിക്കുമെന്നതിൽ തർക്കമില്ല. അടുത്തവർഷം മാർച്ചോടെ കൊച്ചി നഗരത്തിൽ മെട്രോ ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ തൊട്ടുചേർന്നുള്ള ദ്വീപുകളിലെ ജനങ്ങൾക്കു മെട്രോ ട്രെയിനിന്റെ അതേ നിലവാരമുള്ള ജലഗതാഗത സൗകര്യം അധികംവൈകാതെ ഒരുക്കുന്നു എന്നതാണു വാട്ടർ മെട്രോയുടെ പ്രത്യേകത. ഇപ്പോഴും അവികസിതമായി തുടരുന്ന ദ്വീപുകളെ രാജ്യാന്തര തലത്തിൽ ടൂറിസം മാപ്പിൽ അടയാളപ്പെടുത്താനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും ഉതകുന്നതാണു പദ്ധതി. അടുത്ത മാസം നിർമാണം ഉദ്ഘാടനം ചെയ്യുന്ന പദ്ധതി നാലു വർഷംകൊണ്ടു പൂർത്തിയാക്കും. മെട്രോ ട്രെയിനിലും വാട്ടർ മെട്രോയിലും ഒറ്റ ടിക്കറ്റ് മതി എന്നതും ഇതേ ടിക്കറ്റ് സാധനങ്ങൾ വാങ്ങാനും സേവനങ്ങൾ ലഭ്യമാക്കാനുമൊക്കെ ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്.   രാജ്യത്തു പല നഗരങ്ങളിലും മെട്രോ ട്രെയിനുണ്ടെങ്കിലും അതിനൊപ്പം ജലഗതാഗതവും ഉൾപ്പെടുത്തിയിട്ടുള്ളതു കൊച്ചിയിൽ മാത്രമാണ്. കൊച്ചിയുടെ കാൽഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ്. അവികസിതമായ ദ്വീപുകളിലേക്കു ഹോങ്കോങ്ങിലും സ്പെയിനിലും ഇസ്താംബുളിലും മറ്റും ഉള്ളപോലെ ആധുനിക ഫെറി സർവീസുകൾ എത്തുന്നതോടെ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങും. ദ്വീപുകളിലെ ജീവിതം നേരിട്ടു കണ്ടറിയാനും കൊച്ചിയുടെ സംസ്കാരത്തിന്റെ രുചിക്കൂട്ടുകൾ ആസ്വദിക്കാനും സഞ്ചാരികൾക്ക് അവസരം ലഭിക്കുകയും ചെയ്യും. ഒട്ടേറെ തൊഴിലവസരങ്ങളാണ് ഇതുവഴി ഉണ്ടാവുക. കെഎഫ്ഡബ്ല്യു 590 കോടി രൂപയാണു വായ്പയായി നൽകുക. മൊത്തം പദ്ധതിച്ചെലവ് 819.27 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കലിനു വേണ്ടതൊഴിച്ചുള്ള പദ്ധതിച്ചെലവിന്റെ 80% വായ്പയായി ലഭിക്കുന്നു എന്നതും രാജ്യത്തു ജലഗതാഗത മേഖലയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ മുതൽമുടക്ക് എന്ന നിലയിലും പദ്ധതി ശ്രദ്ധേയമാകുന്നു. വാട്ടർ മെട്രോ പദ്ധതിക്ക് ഇൗ മാസം കരാർ ഒപ്പിടാനായില്ലെങ്കിൽ ഒരുവർഷമെങ്കിലും വൈകുമായിരുന്നു. രണ്ടുവർഷം മുൻപു വാട്ടർ മെട്രോ പ്രോജക്ട് തയാറായതാണെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ ഏറെ തടസ്സമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ഒരാഴ്ചകൊണ്ടു സെക്രട്ടേറിയറ്റിൽ ഫയലുകൾക്ക് അംഗീകാരം നൽകിയത്. മുഖ്യമന്ത്രിയുടെ തുടർഇടപെടലുകൾ കൊണ്ടാണു ശനിയാഴ്ച ന്യൂഡൽഹിയിൽ കരാർ ഒപ്പിടാൻ കഴിഞ്ഞതും. സംസ്ഥാന സർക്കാരും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ)  കെഎഫ്ഡബ്ല്യുയും കരാറിൽ ഒപ്പുവയ്ക്കുമ്പോൾ, ‘പൊതുഗതാഗത ഭൂപടത്തിൽ കൊച്ചിയെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണു ലക്ഷ്യം’ എന്നു മുഖ്യമന്ത്രി പറഞ്ഞതിൽ പ്രതീക്ഷ അർപ്പിക്കുകയാണു കേരളം.   ഭാവനാസമ്പന്നരായ ഉദ്യോഗസ്ഥർക്ക് ഒരു നാടിന്റെ വികസനസ്വപ്നം യാഥാർഥ്യമാക്കാനാകുമെന്നതിന്റെ അടയാളംകൂടിയാവുകയാണ് വാട്ടർ മെട്രോ. ലോക മെട്രോ കോൺഫറൻസിൽ പങ്കെടുക്കാൻ ഹോങ്കോങ്ങിലെത്തിയ അഡീഷനൽ ചീഫ് സെക്രട്ടറിയും കെഎംആർഎൽ എംഡിയുമായ ഏലിയാസ് ജോർജ് അവിടെ ആധുനിക രീതിയിൽ നടക്കുന്ന ഫെറി സർവീസ് കൊച്ചിയിലും പകർത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. കരയിലെ മെട്രോയെക്കാൾ ഏറെ ചെലവു കുറഞ്ഞ്, എങ്കിലും അതേ മികവിൽ ഇവിടെ വാട്ടർമെട്രോ പദ്ധതിക്കു തുടക്കമിടാനാവുന്നത് അങ്ങനെയാണ്. ജലഗതാഗത പദ്ധതിക്കു വേണ്ടി കൊച്ചി നഗരസഭ നടത്തിയ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, സംസ്ഥാന സർക്കാരിനും കെഎംആർഎല്ലിനും കൊച്ചിയുടെ  മുഖച്ഛായ മാറ്റിവരയ്ക്കാൻ വേഗത്തിൽ കഴിയുമെന്നാണു നാടിന്റെ പ്രതീക്ഷ.

കടപ്പാട് : മലയാള മനോരമ

Be Sociable, Share!