കാറിനെക്കാൾ വേഗത്തിലെത്താൻ കഴിയുന്ന, അതേ നിലവാരമുള്ള പൊതു ഗതാഗത സംവിധാനം, സന്തോഷകരമായ ജീവിതത്തിനുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും – വിദേശ രാജ്യങ്ങളിൽ ഇത്തരം സൗകര്യങ്ങൾ കണ്ടും കേട്ടും അറിവുള്ള മലയാളിക്കു സ്വന്തം നാട്ടിൽ ഇത്തരമൊരു ജീവിതം എന്നെങ്കിലും സ്വപ്നം കാണാൻ കഴിഞ്ഞിട്ടുണ്ടോ?
ഇതാ, ആ അവസരം നമ്മുടെ കേരളത്തിലും വന്നിരിക്കുന്നു. കാര്യക്ഷമവും കൃത്യതയുള്ളതുമായ പൊതു ഗതാഗതം– കരയിലും വെള്ളത്തിലും മെട്രോ റെയിലിലും. നഗരത്തിന്റെ കുറച്ചു ഭാഗത്തെങ്കിലും ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ. ചുരുക്കം പേർക്കുമാത്രമായി ഒതുങ്ങുന്നതല്ല ഇതൊന്നും, നാടിനു മുഴുവനായും ഉള്ളതാണ്.
നമ്മുടെ കൊച്ചി മാറുകയാണ്, ഏഷ്യയിലെ വൻകിട നഗരങ്ങളുടെ നിരയിലേക്ക്, ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം നഗരങ്ങളിലൊന്നായി. കൊച്ചി മെട്രോ, വാട്ടർ മെട്രോ, കൊച്ചി സ്മാർട് സിറ്റി – ഇൗ മൂന്നു പദ്ധതികളാണു കൊച്ചിയെ മാറ്റുന്നത്. മെട്രോ റെയിലിനു മാത്രം 5000 കോടിയിലധികമാണു നിക്ഷേപം. അതു കാക്കനാട്ടേക്കും തൃപ്പൂണിത്തുറയിലേക്കും നീട്ടുന്നതോടെ 2500 കോടി നിക്ഷേപം കൂടി. ജലഗതാഗതം നവീകരിക്കാനുള്ള വാട്ടർ മെട്രോ 1000 കോടി രൂപയുടെ നിക്ഷേപമാണ്.
കേന്ദ്ര സ്മാർട് സിറ്റി പദ്ധതിയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട 20 നഗരങ്ങളിലൊന്നാണു കൊച്ചി. 2000 കോടി രൂപയിലേറെ സ്മാർട് സിറ്റി പദ്ധതി കൊണ്ടുവരുന്നു. അങ്ങനെ 11000 കോടി രൂപയ്ക്കടുത്തു നിക്ഷേപം കൊച്ചിയിലെത്തുന്നു. കൊച്ചിയെപ്പോലുള്ള ഇടത്തരം നഗരങ്ങളിൽ ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത മുതൽമുടക്ക്.
പൊതുഗതാഗത സംവിധാനം ഏകോപിപ്പിക്കാനുള്ള ഏകീകൃത നഗര ഗതാഗത അതോറിറ്റി നിയമത്തിനു (യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ആക്ട്) നിയമസഭ അംഗീകാരം നൽകിയാൽ അതിനുള്ള ജോലികൾ ആരംഭിക്കുകയായി. മെട്രോ ഓടിക്കുക മാത്രമല്ല, ബസ്, ബോട്ട് ഗതാഗതത്തെ സംയോജിപ്പിച്ചു പൊതു ഗതാഗത സംവിധാനമാകെ സംയോജിപ്പിക്കാനുള്ള ശ്രമമാണു നടപ്പാക്കുന്നത്. തീരനഗരമായ കൊച്ചിയുടെ യാത്രാപഥങ്ങളും ജീവിതശൈലികളും ആകെ മാറ്റാൻ പോന്നതാണു വാട്ടർമെട്രോ.
ആഗോളതലത്തിൽതന്നെ മികച്ച ടൂറിസം കേന്ദ്രമായി ഇതു കൊച്ചിയെ മാറ്റും. ശുദ്ധജലം, വൈദ്യുതി, മാലിന്യ സംസ്കരണം, ഗതാഗത സൗകര്യം, ഐടി അധിഷ്ഠിത സേവനങ്ങൾ എന്നിവയെല്ലാം തടസ്സമില്ലാതെ സ്മാർട് സിറ്റിയിൽ ലഭിക്കും. സൈക്കിൾ യാത്രയ്ക്കും കാൽനടയാത്രയ്ക്കുമുള്ള അധിക സൗകര്യങ്ങൾ നഗരത്തെ ആകർഷകമാക്കും. സ്മാർട് സിറ്റി പദ്ധതിയിൽ കൊച്ചി നഗരസഭ പ്രധാന പങ്കാളിയാണ്.
കൊച്ചി മെട്രോ നിർമാണം ഇത്രയും മുന്നോട്ടുപോയതിനു പിന്നിൽ ജനങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയും സഹകരണവുമാണുള്ളത്. അതേ മാതൃക തന്നെയാണു മറ്റു പദ്ധതികളിലും ഉദ്ദേശിക്കുന്നത്. സാങ്കേതിക മികവുള്ള ചെറുപ്പക്കാരുടെ ഒരു നീണ്ടനിര ഇതിനു മുതൽക്കൂട്ടായുണ്ട്.
പദ്ധതിച്ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ), കൊച്ചി സ്മാർട്മിഷൻ ലിമിറ്റഡ്, കൊച്ചി നഗരസഭ, വിശാലകൊച്ചി വികസന അതോറിറ്റി എന്നിവയ്ക്കു മുന്നിലുള്ള വെല്ലുവിളി വലുതാണ്. ഓരോ മേഖലയിലുമുള്ള വൻ നിക്ഷേപം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. സുതാര്യത ഉറപ്പാക്കണം, ഏകോപനം ഉറപ്പാക്കണം. നിലവിലുള്ള ഇൻഫോപാർക്ക്, ഐടി സ്മാർട് സിറ്റി പദ്ധതികളുമായി ഒത്തുപോകണം – ഇതിനെല്ലാം ഫലപ്രദമായ ആസൂത്രണം അടിത്തട്ടിലേ തുടങ്ങണം.
പദ്ധതി ലക്ഷ്യങ്ങൾ, നടത്തിപ്പ് എന്നിവയെല്ലാം ജനങ്ങളുമായി പങ്കുവയ്ക്കും, അവരുടെ പ്രതികരണങ്ങൾ പരിഗണിക്കും. ഇത്തരം ആശയ വിനിമയത്തിലൂടെ പദ്ധതികളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താം. നിർമാണ ഏജൻസികൾ മാത്രം പോരാ, ജനങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഏഷ്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി, മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കൊച്ചിയെ നമുക്കു മാറ്റിയെടുക്കാം.
കൊച്ചിയുടെ ചരിത്ര, സാംസ്കാരിക പ്രത്യേകതകൾ അതിന് ഏറെ സഹായകമാണ്. എല്ലാ മനുഷ്യന്റെ ജീവിതത്തിലും ഒരു വലിയ തിരമാല കടന്നുവരാറുണ്ട്. ആ തിരകൾക്കൊപ്പം ഉയർന്നുപൊങ്ങാൻ കഴിഞ്ഞാൽ അവസരങ്ങളുടെ അനന്തതയിലേക്കു മുന്നേറാം. തിരയിൽ നിന്നു വേറിട്ടു നിന്നാലോ, തിര കടന്നുപോകും, മണൽപ്പരപ്പിൽ നിശ്ചലമായി നിൽക്കേണ്ടിവരും – ഷേക്സ്പിയർ എഴുതിയ വാചകമാണെങ്കിലും കൊച്ചിയുടെ കാര്യത്തിൽ ആ സമയം ഇപ്പോൾ വന്നിരിക്കുന്നു.
Elias George IAS
Managing Director, KMRL