10064_469302

 

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(കെഎംആര്‍എല്‍) നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത പൊതുഗതാഗത സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പെന്ന് വാട്ടര്‍ മെട്രോയെ വിശേഷിപ്പിക്കാം. കേവലം ജലയാത്ര ഒരുക്കുന്നതിലുപരിയായി ബോട്ടു ജെട്ടികളിലേക്കുള്ള അടിസ്ഥാന സൗകര്യമടക്കം വിപുലീകരിക്കാന്‍ വാട്ടര്‍ മെട്രോ സഹായകമാകും.

 

കൊച്ചി നഗരത്തിന്റെ പരിധിയില്‍ തന്നെയുള്ള ദ്വീപുകള്‍ക്കിടയിലെ ഗതാഗത സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുന്നതിന് വാട്ടര്‍ മെട്രോ അവസരം സൃഷ്ടിക്കും. സിസി ടിവി കാമറ അടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും വാട്ടര്‍ മെട്രോ പദ്ധതി കെഎംആര്‍എല്‍ നടപ്പിലാക്കുക. 2017ജനുവരിയോടെ വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉപദേശകസമിതി നിലവില്‍ വരുമെന്നാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് ഐഎഎസ് വ്യക്തമാക്കുന്നത്. യൂറോപ്യന്‍ ജലഗതാഗത മേഖലയില്‍ മികച്ച പ്രവര്‍ത്തനാനുഭവമുള്ള സാങ്കേതിക വിദഗ്ധരാണ് വാട്ടര്‍ മെട്രോയുടെ ഉപദേശക സമിതിയില്‍ അംഗങ്ങളാകുക. കൊച്ചി നഗരത്തിന്റെ സമീപത്തുള്ള ദ്വീപുകളില്‍ താമസിക്കുന്ന യുവതികള്‍ക്ക് വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാകുന്നതോടെ നിത്യവും ജോലി കഴിഞ്ഞ്നാലും അഞ്ചും ബസുകളില്‍ മാറിക്കയറി വീടുകളിലെത്തുന്ന സ്ഥിതിവിശേഷത്തിനു മാറ്റം ഉണ്ടാകുന്നതാണ്. എറണാകുളം ജില്ലയുടെ വടക്കന്‍ മേഖലയിലെ കായല്‍തീരങ്ങളില്‍താമസിക്കുന്ന പാവപ്പെട്ടവര്‍ക്കു വാട്ടര്‍ മെട്രോ മുഖാന്തരം 15മിനുറ്റുകള്‍ക്കുള്ളില്‍ കൊച്ചി നഗരത്തിലെത്താന്‍സാധിക്കും. രാത്രികാലങ്ങളില്‍ ബോട്ട് ജെട്ടികളില്‍ നിന്ന് വീട്ടിലേക്കും അടുത്ത ബസ് സ്‌റ്റോപ്പുകളിലേക്കും എത്തുന്നതിനുള്ള സൗകര്യം വാട്ടര്‍ മെട്രോയിലൂടെ ലഭിക്കും.

 

ഇന്ത്യയില്‍ നഗരകേന്ദ്രീകൃതമായ ജലഗതാഗത സൗകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ വാട്ടര്‍ മെട്രോയെ  കുറിച്ച് വളരെയധികം പ്രതീക്ഷകള്‍ ആഗോള സമൂഹത്തിനുണ്ട്. കൊച്ചിയുടെ തനതു സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളേയും വളരെയധികം ആകര്‍ഷിക്കുന്നതാണ് വാട്ടര്‍ മെട്രോ പദ്ധതി. റോഡ് യാത്രകളുടെ ആറിലൊന്നു മാത്രമെ ജലഗതാഗതത്തിനായി ചെലവു വരുന്നുള്ളൂവെന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറവായിരിക്കുമെന്നതും വാട്ടര്‍ മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്ന ഘടകങ്ങളാണ്.

 

കൊച്ചി നഗരത്തിലെ ഗതാഗത സംവിധാനത്തെ ലളിതവും ആയാസരഹിതവുമാക്കാന്‍  സഹായിക്കുന്ന വാട്ടര്‍ മെട്രോ നാലുവര്‍ഷത്തിനുള്ളിലാണ് പൂര്‍ണമായും പ്രാവര്‍ത്തികമാകുക. 38 ബോട്ട് ജെട്ടികളെ ബന്ധിപ്പിച്ചു കൊണ്ട് 78 ഓളം സെര്‍വീസുകളാണ് വാട്ടര്‍ മെട്രോയില്‍ ഉണ്ടായിരിക്കുക. 18 ജെട്ടികള്‍ ബോട്ട് ഹബുകളായാകും വികസിപ്പിക്കുക. ബാക്കി 20 എണ്ണം ഗതാഗത സൗകര്യം മാത്രമൊരുക്കുന്ന ചെറു ബോട്ട് ജെട്ടികളായിരിക്കും.

Be Sociable, Share!