കൊച്ചി മെട്രോയുടെ വയഡക്റ്റുകളോടു ചേർന്ന് സോളാർ പാനലുകൾ സ്ഥാപിക്കണമെന്ന് വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്ന് കെഎംആർഎലി(Kochi Metro Rail Limited)നു നിർദേശം ലഭിക്കുന്നുണ്ട്. വാസ്തവത്തിൽ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ കെഎംആർഎൽ നേരത്തെ ആരംഭിച്ചതാണ്.ഊർജ്ജോൽപ്പാദനത്തിനും ഊർജ്ജസംരക്ഷണത്തിനുമായി കൊച്ചി മെട്രോയ്ക്ക് വിശദമായ കർമപദ്ധതിയുണ്ട്. ഇതനുസരിച്ച് മെട്രോയുടെ മുട്ടം യാർഡിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കഴിഞ്ഞ നവംബറിൽ തന്നെ കെഎംആർഎൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ 22 സ്‌റ്റേഷനുകളും ഇതുപോലെ സോളാർ പാനലുകൾ സ്ഥാപിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. നാലുമെഗാവാട്ട് വൈദ്യുതി ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കാനാണ് കെഎംആർഎലിന്റെ ശ്രമം.
ഇതിനു പുറമെ മുട്ടം യാർഡിൽ ഭാവി ഉപയോഗത്തിനായി നീക്കി വച്ചിട്ടുള്ള സ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് പഠനം നടത്തി വിശദമായ പദ്ധതി രൂപരേഖ സമർപ്പിക്കാൻ കെഎംആർഎൽ ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Be Sociable, Share!