കേരളത്തിന് അഭിമാന നിമിഷം. കൊച്ചി മെട്രോയ്ക്ക് റയിൽവേ സുരക്ഷാ കമ്മീഷണറുടെ യാത്രാനുമതി കിട്ടി. ആളുകളെ കയറ്റിയുള്ള സർവീസ് തുടങ്ങാനുള്ള അവസാന അനുമതിയാണിത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. ഈ റൂട്ടിൽ 11 സ്റേഷനുകളുണ്ട്. മെട്രോ ഉദ്ഘാടനത്തിനു കേരള സർക്കാർ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതു സംബന്ധിച്ച വിവരം കിട്ടുന്ന മുറക്ക് ഉദ്ഘാടനത്തിയതി തീരുമാനിക്കുമെന്ന് കെ എം ആർ എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് അറിയിച്ചു.

മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെ.എം. മനോഹരന്‍റെ നേതൃത്വത്തിലുള്ള സംഘം മെയ്‌ മൂന്നാം തിയതി രാവിലെ 9.30ന് ആലുവ സ്റ്റേഷനില്‍ നിന്നും പരിശോധന ആരംഭിച്ചു. പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം സ്റ്റേഷനുകളും തുടര്‍ന്ന്‍ പരിശോധിച്ചു. സ്റ്റേഷനിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സൗകര്യങ്ങള്‍, യാത്രക്കാര്‍ക്കുള്ള ദിശാസൂചകങ്ങള്‍, വിവരം അറിയാനുള്ള സംവിധാനം, കണ്ട്രോള്‍ റൂം, ദുരന്തനിവാരണ സംവിധാനങ്ങള്‍, ഫയര്‍ അലാറം, എസ്കലേറ്റര്‍, ലിഫ്റ്റ്, സ്റ്റേഷനുകളിലെ ശൌചാലയം, കുടിവെള്ള ലഭ്യത, ടിക്കറ്റിംഗ്, ഓഫീസ്, കസ്റ്റമര്‍ കെയര്‍ സംവിധാനം, വിവരങ്ങള്‍ അനൌണ്‍സ് ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചു. ട്രോളിയില്‍ സഞ്ചരിച്ചാണ് പാളങ്ങളുടേയും, സ്റ്റേഷന്‍ വയഡക്റ്റ് എന്നിവയുടെ  ഘടനയുടേയും പരിശോധന നടത്തിയത്. മെട്രോ ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലനത്തിന്‍റെ വിശദാംശങ്ങളും സംഘം വിലയിരുത്തി.

സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കത്തക്ക രീതിയില്‍ ശ്രദ്ധാപൂര്‍വ്വം ഓരോ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ഏലിയാസ് ജോര്‍ജ്ജ് തികഞ്ഞ ആത്മവിശ്വാസത്തോടെ അഭിപ്രായപ്പെട്ടു.

കൊച്ചി മെട്രോ സുരക്ഷാപരിശോധനയുടെ രണ്ടാം ദിനം കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് തുടങ്ങിയ മെട്രോ സ്റ്റേഷനുകളില്‍ പരിശോധന നടത്തി.

സിഎംആര്‍എസ് പരിശോധന അവസാന ദിവസം മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെ.എം. മനോഹരന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം സ്റ്റേഷനുകളും, മുട്ടം ഡിപ്പോയും പരിശോധിച്ചു. ഈ കഴിഞ്ഞ രണ്ടു ദിവസവും രാത്രി വളരെ വൈകിയാണ് പരിശോധന പൂര്‍ത്തിയായത്. സിഎംആര്‍എസ് (കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റി)-ന്‍റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടിയുമായി കൊച്ചിന്‍ മെട്രോയുടെ മുഴുവന്‍ ടീമും സജ്ജരായിരുന്നു.

 

 

 

Be Sociable, Share!