കൊച്ചി മെട്രോ യാത്രയ്ക്ക് ഒരുങ്ങുന്നുവെന്ന വാർത്ത ഓരോ മലയാളിക്കും അഭിമാനകരമാകുന്നു. കൊച്ചിക്കും കേരളത്തിനാകെത്തന്നെയും പുതിയൊരു ഗതാഗത സംസ്കാരം സമ്മാനിക്കുന്ന മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവു കാത്തിരിക്കുകയാണ്.

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിൽ മെട്രോ ഓടിക്കാൻ അനുമതി ലഭിച്ചുകഴിഞ്ഞു. മെട്രോ ട്രാക്കും 11 സ്റ്റേഷനുകളും ഇന്ത്യയിൽ ഏറ്റവും മികച്ചതെന്ന സാക്ഷ്യപത്രമാണു ചീഫ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ നൽകിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകൾക്കുള്ളിലെ കേരളീയ സൗന്ദര്യമുള്ള വിഷയാവിഷ്കാരങ്ങൾ അഭിമാനത്തോടെ ലോകത്തോടു വിളിച്ചുപറയുന്നു: ഇതാ, മലയാളിയുടെ സ്വന്തം മെട്രോ.

മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ 2013 ജൂൺ ഏഴിന് ഉദ്ഘാടനം ചെയ്യുന്നവേളയിൽ മൂന്നു വർഷത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപിച്ചതിനേക്കാൾ ഒരു വർഷം കൂടുതലെടുത്തു. 13 കിലോമീറ്റർ പദ്ധതി ആദ്യഘട്ടമായി പൂർത്തിയാക്കുമ്പോഴും വൈകിയെന്നു പരാതി പറയാനിടവരുത്താത്ത കൃത്യതയും സൂക്ഷ്മതയുമാണു നിർമാണ ഏജൻസികൾ കൈവരിച്ചത്.

ഇന്ത്യയിൽ ഇതുവരെ നിർമിച്ചിട്ടുള്ള മെട്രോകളൊന്നും നാലുവർഷംകൊണ്ട് ഉദ്ഘാടന ഓട്ടം നടത്തിയിട്ടില്ലെന്നതാണു കൊച്ചി മെട്രോയുടെ മികവ്. ചെറിയ പദ്ധതികൾപോലും പൂർത്തിയാക്കാൻ പത്തും പതിനഞ്ചുംവർഷമെടുക്കുന്ന കേരളത്തിലാണ് ഈ നേട്ടമെന്നതു തിളക്കം വർധിപ്പിക്കുന്നു.

മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കൽ മുതൽ പൂർത്തീകരണംവരെയുള്ള എല്ലാ ഘട്ടങ്ങളിലും തെളിഞ്ഞ നിർവഹണമികവു ശ്രദ്ധേയമാണ്. വാഹനത്തിരക്കിന്റെപേരിൽ കുപ്രസിദ്ധി നേടിയ കൊച്ചിയിൽ റോഡിനു നടുവിലൂടെ കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ, സുരക്ഷിതമായാണ് കെഎംആര്‍എല്‍ മെട്രോ പദ്ധതി യാഥാർഥ്യമാക്കിയത്. കെഎംആർഎൽ ടീമിനു നിശ്ശബ്ദമായി നായകത്വം വഹിക്കുന്ന മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജിന്റെ നേതൃപാടവം എടുത്തുപറയേണ്ടതുണ്ട്.

കേരളത്തിനു മികവുള്ള മെട്രോ സമ്മാനിക്കുക മാത്രമല്ല, സമഗ്രവും സുഘടിതവുമായ പൊതു ഗതാഗത സംവിധാനത്തിലേക്കു ജനങ്ങളെ കൈപിടിച്ചു നടത്തിക്കുകകൂടിയാണ് അദ്ദേഹം. കൊച്ചിയിൽ നടപ്പാക്കാൻ പോകുന്ന വാട്ടർമെട്രോ ഇതിന് ഏറ്റവും നല്ല  ഉദാഹരണം.

കൊച്ചി മെട്രോയെ രാജ്യത്തെ പല നഗരങ്ങളിലുമുള്ള മെട്രോകളിൽനിന്നു വേറിട്ടുനിർത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. എവിടെയും ഡെബിറ്റ് കാർഡ് ആയി ഉപയോഗിക്കാവുന്ന മെട്രോ ടിക്കറ്റ് തന്നെ ഇതിൽ പ്രധാനം. മറ്റു മെട്രോകൾ ടിക്കറ്റ് കാർഡ് സംവിധാനത്തിനായി കോടികൾ ചെലവിട്ടപ്പോൾ ആക്സിസ് ബാങ്കുമായി ചേർന്നു ടിക്കറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ആക്കിമാറ്റി 300 കോടിയിലേറെ രൂപയാണു കെഎംആർഎൽ സമ്പാദിച്ചത്.

കോച്ചുകളുടെ ടെൻഡർ മുതൽ മെട്രോയുടെ എല്ലാ ഘട്ടങ്ങളിലും ലാഭമുണ്ടാക്കാനും ചെലവു ചുരുക്കാനും കെഎംആർഎൽനു കഴിഞ്ഞു. എസ്റ്റിമേറ്റിനേക്കാൾ രണ്ടും മൂന്നും ഇരട്ടി ചെലവിടുന്ന കേരളത്തിന് ഇതൊരു മാതൃകയാണ്.

അധികച്ചെലവു കുറയ്ക്കുമ്പോൾപോലും, വിട്ടുവീഴ്ചയില്ലാതെ, ലോകത്തിലെ ഏതൊരു മെട്രോയോടും കിടപിടിക്കുന്നതാണു കൊച്ചിയിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഇപ്പോൾ പൈലറ്റുള്ള ട്രെയിനാണ് ഓടിക്കുന്നതെങ്കിലും ഭാവിയിൽ ഡ്രൈവറില്ലാതെതന്നെ കൊച്ചി മെട്രോ ഓടിക്കാം.

ഇപ്പോൾ പാലാരിവട്ടംവരെ മാത്രമേ മെട്രോ എത്തുന്നുള്ളു. എംജി റോഡിൽ മഹാരാജാസ് കോളജ് സ്റ്റേഷനിലേക്കും പിന്നെ തൃപ്പൂണിത്തുറയിലേക്കും മെട്രോ വൈകാതെ എത്തും. ഇതുവരെയുള്ള കാര്യങ്ങൾ ഭംഗിയാക്കിയ കെഎംആര്‍എല്‍ തുടര്‍ന്നും വളരെ നല്ല രീതിയില്‍ തന്നെ കൊച്ചിയുടെ വികസന പരിപാടികളുമായി മുന്നോട്ടു പോകും.

Courtesy : Malayala Manorama

Be Sociable, Share!