പുതിയൊരു സഞ്ചാരസ്വാതന്ത്ര്യം നമുക്കായി വാതിൽ തുറന്നുതന്നിരിക്കുന്നു. നവലോകത്തേക്കു കേരളത്തെ കൊണ്ടുപോകേണ്ട മെട്രോ കൊച്ചിയിൽ ഓടിത്തുടങ്ങിയപ്പോൾ സഹയാത്ര ചെയ്യേണ്ടതു നാടിന്‍റെ  മുഴുവൻ ആവേശവും അഭിമാനവും കൂടിയാണ്. രാജ്യത്തെ ഏറ്റവും മികച്ച മെട്രോ എന്ന് അഞ്ചു ദിവസം മുൻപു പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷ്യപ്പെടുത്തിയ കൊച്ചി മെട്രോയിൽ പക്ഷേ, ചൊവ്വാഴ്ചയുണ്ടായ സംഭവങ്ങൾ മലയാളികളെ നാണംകെടുത്തുന്നു; നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിൽ തിരുത്തപ്പെടേണ്ട പ്രവണതകൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

കേരളത്തിലെ ഏതു വലിയ പദ്ധതിയും നാം മനസ്സുവച്ചാൽ യാഥാർഥ്യമാക്കാമെന്നതിന്‍റെ സാക്ഷ്യമാണു കൊച്ചി മെട്രോ. ഈ പദ്ധതിക്കു തുടക്കമിടാനും അതിന്‍റെ  ഒന്നാംഘട്ടം ഏറെക്കുറെ പൂർത്തിയാക്കാനും കഴിഞ്ഞത് ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണെന്നത് ആരും തള്ളിപ്പറഞ്ഞിട്ടുമില്ല. ‘ജനകീയ മെട്രോ യാത്ര’ എന്ന പേരിൽ കഴിഞ്ഞ ദിവസം യുഡിഎഫ് നടത്തിയ പരിപാടി വേറിട്ടതായിരുന്നുവെങ്കിലും അതോടനുബന്ധിച്ചുള്ള അനുയായികളുടെ ആഘോഷം പരിധിവിട്ടപ്പോൾ അത് ആവർത്തിക്കാൻ പാടില്ലാത്ത നിർഭാഗ്യസംഭവമായിത്തീർന്നു. മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെയാകെ വേദനിപ്പിക്കുന്നതായി ഇത്.

രാഷ്ട്രീയ പ്രവർത്തകർ മുന്നിട്ടിറങ്ങുന്ന ഇത്തരം അവസരങ്ങളിൽ എന്തൊക്കെയാവാം, എന്തൊക്കെ പാടില്ലെന്ന മര്യാദ എല്ലാവരും പാലിച്ചേ മതിയാവൂ. ആ മര്യാദയുടെ ലംഘനമാണു നാം കണ്ടത്. മെട്രോയുടെ ഉദ്ഘാടന വിവാദം ഉണ്ടായപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്വീകരിച്ച മാന്യതയുടെ നിറം കെടുത്തുന്നതായി കഴിഞ്ഞ ദിവസം അനുയായികളിൽനിന്നുണ്ടായ സംഭവങ്ങൾ. പുതിയൊരു പൊതുഗതാഗത സംവിധാനം വരുമ്പോൾ അതിനുവേണ്ടി നാം സ്വീകരിക്കേണ്ട പക്വതയെക്കുറിച്ചുള്ള ആത്മപരിശോധനകൂടി ഇതോടൊപ്പം ഉയരേണ്ടതുണ്ട്.

പരമാവധി ആയിരംപേർക്കു യാത്ര ചെയ്യാൻ കഴിയുന്ന മെട്രോ ട്രെയിനിലേക്കു രണ്ടായിരത്തിലേറെ പ്രവർത്തകരാണ് ഇരച്ചുകയറിയത്. അതോടെ മെട്രോ സംവിധാനങ്ങളെല്ലാം തകിടംമറിയുകയായിരുന്നു. ആളുകൾ കൂടിയതിനാൽ മെട്രോ കോച്ചുകളുടെ വാതിലുകൾ അടയാതെവന്നു. പ്രവർത്തകരുടെ തിക്കിലും തിരക്കിലും ഉമ്മൻ ചാണ്ടി തന്നെ വീണുപോയി. യാത്രക്കാരെ ഓരോരുത്തരെയായി കടത്തിവിടേണ്ട ഗേറ്റുകൾ തുറന്നുവയ്ക്കേണ്ടിയും വന്നു. തിക്കിലും തിരക്കിലും ആളുകൾ പാളത്തിലേക്കു വീണുപോയേക്കുമെന്നുപോലും ആശങ്കയുണ്ടായി. ശക്തിയേറിയ വൈദ്യുതി പ്രവാഹമാണു പാളത്തിനോടു ചേർന്ന തേഡ് റെയിലിലുള്ളത്. ഇതേക്കുറിച്ചു സുരക്ഷാ ജീവനക്കാർ നൽകിയ മുന്നറിയിപ്പുകൾ പലപ്പോഴും അവഗണിക്കപ്പെട്ടു.

ആവേശബാധിതരായ പ്രവർത്തകരുടെ ബാഹുല്യം മറ്റു യാത്രക്കാർക്ക് ഏറെ വിഷമമുണ്ടാക്കി. അവരെ മെട്രോ ജീവനക്കാർക്കു സുരക്ഷിതമായ സ്ഥാനത്തു നിർത്തേണ്ടിവന്നു. യന്ത്രപ്പടിയിൽ ആളുകൾ തിങ്ങിനിറഞ്ഞപ്പോൾ അതിന്‍റെ പ്രവർത്തനവും നിലച്ചു. മെട്രോ സ്റ്റേഷൻ രാഷ്ട്രീയ വേദിയാക്കരുതെന്നാണു നിയമമെങ്കിലും അവിടെ മുദ്രാവാക്യം വിളികളും കൊടിതോരണങ്ങളും ഏറെനേരമാണ് ഉണ്ടായത്. സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റൽ ഡിറ്റക്ടറുകൾ മറിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി. ഉമ്മൻ ചാണ്ടിക്കു പോലും തിരക്കുമൂലം മറ്റു നേതാക്കൾക്കൊപ്പം ആദ്യ ട്രെയിനിൽ കയറാനായില്ല. മെട്രോ സംവിധാനത്തിനു തകരാറൊന്നും സംഭവിച്ചില്ലെങ്കിലും സിസിടിവി ക്യാമറകൾ പരിശോധിച്ചു വീഴ്ചകൾ തിട്ടപ്പെടുത്തുകയാണു കൊച്ചി മെട്രോ റെയിൽ കമ്പനി.

രാജ്യത്തിന്‍റെ പൊതുസ്വത്തും കേരളത്തിന്‍റെ  അഭിമാനവുമായ ഈ പൊതുഗതാഗത സംവിധാനം രാഷ്ട്രീയക്കാരടക്കമുള്ള സമൂഹത്തിൽനിന്നു പ്രതീക്ഷിക്കുന്നത് അടിസ്ഥാന മര്യാദയും പക്വതയുമാണ്. മെട്രോ സ്റ്റേഷനുകൾ രാഷ്ട്രീയ സമരവേദികളാക്കാതിരിക്കാൻ ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിച്ചേതീരൂ. കൊച്ചി മെട്രോ പലകാരണങ്ങളാലും ഇപ്പോൾ ലോകശ്രദ്ധയിലെത്തിക്കഴിഞ്ഞു. ഈ  അവസരത്തിൽ ഇത്തരം വീഴ്ചകൾ ലോകം മുഴുവൻ അറിയും; കേരളത്തിനു നാണക്കേടുണ്ടാകുകയും ചെയ്യും. നമ്മുടെ സംസ്കാരം മെട്രോനിലവാരത്തിലേക്ക് ഉയരേണ്ടതിന്‍റെ  ആവശ്യകതയാണ് ഈ സംഭവം അടിവരയിട്ട് ഓർമിപ്പിക്കുന്നത്.

(മലയാള മനോരമ)

 

Be Sociable, Share!