മാതൃകാ പൊതു പെരുമാറ്റങ്ങൾക്ക് അരങ്ങൊരുക്കിയ കൊച്ചി മെട്രോയെക്കുറിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ…

 

മെട്രോ പെരുമാറ്റശീലങ്ങളില്‍ കൊണ്ടുവന്ന അടുക്കും ചിട്ടയും എങ്ങനെ നാളെയിലേക്ക് നീട്ടാം…..?

വഴിയോരത്ത്‌ ചവറിടുകയും, മുറുക്കി തുപ്പുകയും ,പൊതു ഇടത്തിൽ പുകവലിക്കുകയും ചെയ്യുന്ന മലയാളി വിദേശ രാജ്യത്തു ചെന്നാൽ പൗരബോധത്തിന്‍റെ (Civic Sense) മികച്ച മാതൃക കാട്ടും. തിരിച്ച്‌ നാട്ടിൽ വിമാനമിറങ്ങിയാൽ ഒരു മടിയും കൂടാതെ പഴയ മുഖം കാട്ടും. ബസ് സ്റ്റാൻഡിൽ ഒഴിഞ്ഞ കോണിൽ മൂത്ര വിസർജ്ജനം ചെയ്തു നാറ്റിക്കുന്നയാൾ വിമാനത്താവളത്തിൽ എത്തുമ്പോൾ മാതൃകാപരമായ ചിട്ടകളിലായി. വാഷ് റൂം അന്വേഷിക്കലായി.


അടുത്ത കാലത്ത്‌ മാതൃകാ പൊതു പെരുമാറ്റങ്ങൾക്ക് അരങ്ങൊരുക്കിയത് കൊച്ചി മെട്രോയാണ്. ടിക്കറ്റിലെ ക്യു ആർ കോഡ് പ്രയോഗിച്ച്‌ ഗേറ്റു തുറന്ന് കൊച്ചി മെട്രോ പരിസരത്തും റെയ്‌ലിലും കയറുന്നതോടെ ജനം നല്ല പൊതു പെരുമാറ്റത്തിന്‍റെ വൃത്തത്തിലായി. തുപ്പാനും, വേസ്റ്റ് ഉപേക്ഷിക്കാനും, കുത്തി വരയ്ക്കാനുമുള്ള ഉൾപ്രേരണകൾ പത്തി താഴ്ത്തും. അച്ചടക്കത്തോടെ ക്യൂ നിൽക്കാനുമില്ല മടി.  തൂണുകൾക്കു മേലെയുള്ള സഞ്ചാരം കഴിഞ്ഞ്‌ കീഴോട്ട് ഇറങ്ങുന്നതോടെ പലരുടെയും പൗര ബോധവും കീഴോട്ടാകും. ഇത് നിലനിർത്താനും, ഈ ശൈലികൾക്ക് തുടർച്ചയുണ്ടാക്കാനും എന്ത് വഴി? എന്താണ് ഈ ഇരട്ട മുഖത്തിന്‍റെ  പൊരുൾ? താടിയുള്ള അപ്പനെ പേടിക്കുന്നതാണോ ഈ മാറ്റത്തിനു കാരണം? ക്യാമറക്കണ്ണുകളിൽ കുരുത്തക്കേടുകൾ പിടിക്കപ്പെടുമെന്നും പിഴ  അടയ്ക്കേണ്ടി വരുമെന്നുമുള്ള ഭീതിയാണോ വിലങ്ങു തടിയാകുന്നത്. ഇതിന്‍റെയൊക്കെ സ്വാധീനം കുറച്ചൊക്കെ ഉണ്ടാകാം. പക്ഷേ അതിനപ്പുറം ചില നിലപാട് മാറ്റങ്ങൾ ജനമനസ്സിൽ സംഭവിക്കുന്നുണ്ടെന്ന് ഉറപ്പാണ്. അതെങ്ങനെ  വന്നു ചേരുന്നു?

പൊതു ജീവിതത്തെ അലോസരപ്പെടുത്തുന്നതും, പൊതു ഇടത്തെ മലിനമാക്കുന്നതുമായ  പെരുമാറ്റങ്ങൾ പാടില്ലെന്ന് എല്ലാ മലയാളിക്കും  അറിയാം. എങ്കിലും അതുചെയ്യും. പക്ഷേ  ഇതൊന്നും അഭിലഷണീയമല്ലെന്ന പ്രതീതി  സൃഷ്ടിക്കുന്ന ഒരു ഭൗതിക സാഹചര്യം  ചിട്ടപ്പെടുത്തിയാൽ അതിനനുസരിച്ചു പെരുമാറാൻ  ഭൂരിപക്ഷം പേർക്കും കഴിയും. കൊച്ചി മെട്രോ അത്തരമൊരു പ്രതിച്ഛായ നിർമ്മിച്ചിട്ടുണ്ട്.

 

ഈ പൊതു ഗതാഗത സംവിധാനം  ഉപയോഗിക്കുവാനുള്ള പെരുമാറ്റച്ചട്ടങ്ങൾ  നിർവചിക്കപ്പെട്ടിട്ടുണ്ട്. പരിസരം ശുചിയായി   പരിപാലിക്കുന്നതിൽ യാത്രക്കാർക്കുള്ള     ഉത്തരവാദിത്വവും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിരുദ്ധമായി  പെരുമാറുന്നവരെ നോക്കി മറ്റുള്ളവർ കണ്ണുരുട്ടും. ജനം മാതൃകാപരമായ പൊതു ബോധം പ്രകടമാക്കുന്നു. അവർ തന്നെ അത് അനുശാസിക്കുന്നു. ഭാരതത്തിലെ എല്ലാ  മെട്രോയിലും ഇമ്മാതിരി ഒരു സംസ്കാരത്തിന്‍റെ സാന്നിധ്യം ഉണ്ടെന്നാണ് അറിവ്.

മെട്രോ റെയിലിൽ കാണിക്കുന്ന ഈ പെരുമാറ്റം നാട്യമെന്നോ, ഹിപ്പോക്രസിയാണെന്നോ അല്ല  പറഞ്ഞുവരുന്നത്. പരിസരം മലിനമാക്കുകയും, പൊതു ഇടത്തിന് യോജിക്കാത്ത കാര്യങ്ങൾ കാട്ടിക്കൂട്ടുകയും ചെയ്യുന്ന ഒരു സമൂഹത്തിന്‍റെ  ഉള്ളിൽ പരിഷ്കൃതമായി ഇടപെടാനറിയുന്ന  മനസ്സുണ്ടെന്നും, അത് ഉണർത്തിയെടുത്ത്‌ ഈ നാട്ടിൽത്തന്നെ പ്രയോഗത്തിൽ വരുത്താമെന്നുമുള്ള  യാഥാർഥ്യം ചൂണ്ടിക്കാട്ടുകയാണ്. ഇത് ഉണർത്തിയെടുത്ത് എങ്ങനെ പൊതു സംസ്കാരത്തിന്‍റെ ഭാഗമാക്കാമെന്നാണ് അന്വേഷിക്കേണ്ടത്.

മലിനവും വൃത്തിഹീനവുമായ പൊതു മൂത്രപ്പുരയിൽ  നിവൃത്തികേടുകൊണ്ട് കയറിപ്പോകുന്ന വൃത്തി   വിചാരക്കാരനും ചിലപ്പോൾ വെള്ളമൊഴിക്കാതെ ഇറങ്ങിപ്പോന്നേക്കും. വൃത്തിയായി പരിപാലിച്ചിട്ടുള്ള  ശുചിമുറിയെ അശുദ്ധമാക്കിയിടാൻ പൊതു ബോധം കുറഞ്ഞവന് പോലും മടിതോന്നും. പ്ലാസ്റ്റിക്  കുപ്പികളും ബിയർ ബോട്ടിലും ചവറും നിറയുന്ന പ്രകൃതിഭംഗിയുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ  അങ്ങനെയൊന്നും ചെയ്യരുതെന്ന   വിചാരമുള്ളവരുടെ പോലും ചെയ്തികൾ പിഴക്കും.

 

ഒരു കടലാസ്സു കഷ്ണം പോലും വീഴാതെ വൃത്തിയായി  സംരക്ഷിക്കപ്പെടുന്ന ഇടങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയാൻ ആർക്കും മനസ്സ്  വരില്ല. ഭൗതിക സാഹചര്യം എങ്ങനെ  ഒരുക്കപ്പെടുന്നോ, അത് എന്ത് ആവശ്യപ്പെടുന്നോ, അതിനനുസരിച്ച്‌ ജനങ്ങളുടെ പെരുമാറ്റ  ശൈലികളും ക്രമീകരിക്കപ്പെടുമെന്നത് മനഃശാസ്ത്ര  തത്ത്വം. കൊച്ചി മെട്രോയിലും  ഇതാണ്  പ്രയോഗത്തിൽ കൊണ്ടുവന്നത്. കേരളീയ സമൂഹത്തിന്‍റെ വിശാലമായ ക്യാൻവാസിൽ ഇല്ലാതെ പോകുന്നതും ഇതാണെന്ന് ഓർമ്മിപ്പിക്കുകയാണ്   കൊച്ചി മെട്രോ റെയിൽ യാത്രകൾ. പൊതു ഇടത്തെ രീതികളിലേക്ക് മെട്രോ നൽകുന്ന  പാഠം വിന്യസിപ്പിക്കാമോയെന്നു നോക്കണം. അതിനായി ഒരു വിശുദ്ധ പരിവേഷം ചാർത്തി  വിസ്മയം ഉണ്ടാകണമെന്നില്ല. വൃത്തിഹീനമായ  സ്ഥലത്ത്‌ ഇവിടെ ചവറിടരുതെന്ന്‌ ഒരു ബോർഡ്  എഴുതി വച്ച് ക്യാമറക്കണ്ണ് സ്ഥാപിച്ചാൽ മാത്രം  വിപ്ലവം വരില്ല. അവിടെ പരിസര ശുചിത്വത്തിന്‍റെ മാതൃക കൂടി സൃഷ്ടിച്ചാലേ അത് വലിച്ചെറിയുന്നവരുടെ മനസ്സ് മാറ്റുന്ന സന്ദേശമാകൂ. പൊതു ഇടം നമ്മുടെ എല്ലാവരുടെയുമാണെന്ന അഭിമാനവും ഉത്തരവാദിത്വവും കൂടി ഉണ്ടാക്കാൻ കഴിയണം. ഇതൊക്കെ കൊച്ചി മെട്രോ റെയിലിന്‌ ഒരു പരിധി വരെ സാധിച്ചു.

രാഷ്ട്രീയപ്പാർട്ടി ഇടിച്ചുകയറി പ്രതിഷേധ മാർച്ച്  നടത്തിയപ്പോഴും, അഭിലഷണീയമല്ലാത്ത വിധത്തിൽ  ചില യാത്രക്കാർ പെരുമാറിയപ്പോഴുമൊക്കെ ജനം  അതൃപ്തി കാട്ടി. ഒരു സാമൂഹിക ക്രമത്തെ നില  നിർത്താനുള്ള കൂട്ടുത്തരവാദിത്വം പ്രകടിപ്പിച്ചു. നല്ല പൗരബോധത്തിന്‍റെ നിർമ്മിതി അങ്ങനെയേ സാധ്യമാകൂ. മെട്രോ മാതൃകയ്ക്ക് സമാനമായി പൊതു ഇടങ്ങളിൽ പൊതുബോധ നിർമ്മിതികൾ ഉണ്ടാകണം. കൊച്ചു കൊച്ചു സ്മാർട്ട് പരിസരങ്ങൾ ഉണ്ടാക്കാൻ തദ്ദേശ  സ്വയംഭരണ സംവിധാനങ്ങളും, റസിഡൻറ്‌സ്  സംഘടനകളും ശ്രമിക്കട്ടെ. അപ്പോഴേ സിറ്റി സ്മാർട്ടാകൂ. മെട്രോ തൂണിന്‍മേൽ വൃത്തിയും അച്ചടക്കവും, തൂണിന് താഴെ ചവറും നാറ്റവും, പൗര ബോധം ഇല്ലായ്മയുമെന്നത് സ്മാർട്ടാകില്ലല്ലോ? ഉത്തമ പൗര ബോധത്തിന്‍റെ ആ പെരുമാറ്റ ശൈലികളെ കീഴോട്ടും ഇറക്കാം. ചന്തയ്ക്കുപോലും ചന്തവും ചിട്ടയും  വരട്ടെ. നല്ല പൊതു ബോധമെന്ന സന്ദേശം കൊച്ചി മെട്രോയിലെന്നപോലെ എല്ലായിടത്തും  പ്രചരിക്കട്ടെ.

  • (മാതൃഭൂമി)
Be Sociable, Share!