നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും സംസ്കാരം ആശ്ചര്യപൂർവ്വം ഞാൻ കൊച്ചി മെട്രോയുടെ ജീവനക്കാരിൽ പലവട്ടം കണ്ടു. അപ്പോഴൊക്കെയായി കൂട്ടിക്കൂട്ടി കരുതി വച്ചതാണ് ഈ കുറിപ്പ്. അവരോടുള്ള എന്റെ  സ്നേഹത്തിന്റെ,  നന്ദിയുടെ ഒരു സന്ദേശം.

അറിയാമല്ലോ, ഗർഭിണികൾക്ക് യാത്രകൾ എപ്പോഴും ആശങ്കകളുടേതാണ്. നമ്മുടെ റോഡുകളുടെ അവസ്ഥ വെച്ച് ബസിൽ യാത്ര ചെയുന്നത് ചിന്തിക്കാൻ പോലുമാകില്ല. അതിനാൽ എന്റെ  ഗർഭകാലത്ത് ഞാൻ ആശ്രയിച്ച പ്രധാന യാത്രോപാധി ട്രെയിനാണ്. മറ്റേണിറ്റി  ലീവ്  ആയപ്പോഴേയ്ക്കും  ഇവിടെ  എനിക്ക് വേണ്ടി എന്ന പോലെ കൊച്ചി മെട്രോ വന്നു. ആദ്യമായി അതിൽ യത്ര ചെയ്തത് കുടുംബത്തിന്റെകൂടെയാണ് – ആഗസ്ത് 28ന്.

അന്ന് മുതൽ തുടങ്ങിയ ഒരു സൗഹൃദമാണ് കൊച്ചി മെട്രോയുമായി. ഡിസംബർ മുതൽ കറക്കം മുഴുവനും മെട്രോയിലാക്കി. തലങ്ങും വിലങ്ങും പലവട്ടം യാത്ര ചെയ്തു. ബ്ലോക്കില്ലാതെ, റോഡിലെ കുഴികളില്ലാതെ, നേരം വൈകാതെ, കുലുക്കമൊന്നും ഇല്ലാത, എസിയിൽ സുഖമായുള്ള യാത്രകൾ. ആ യാത്രകളിൽ ആലുവ മെട്രോ സ്റ്റഷൻ, പുളിഞ്ചോട് സ്റ്റേഷൻ, ഇടപ്പള്ളി സ്റ്റേഷൻ, എറണാകുളം മഹാരാജാസ് സ്റ്റേഷൻ എന്നിവ തികച്ചും പരിചിതമായി. പ്രത്യേകിച്ചും എന്റെ വീടിനടുത്തുള്ള  പുളിഞ്ചോട് മെട്രോസ്റ്റേഷൻ. ടിക്കറ്റ് എടുത്ത് ഉള്ളിലേയ്ക്ക് പോകുമ്പോൾ അതിലെ ബാർക്കോഡ് സ്കാൻ ചെയ്തു കയറേണ്ടതുണ്ട്. എന്നാൽ  ഗർഭിണിയായതിനാൽ  അതിന്റെ  ഒരു  വശത്തുള്ള  വാതിൽ  തുറന്ന് അവർ കയറ്റി വിടും.  ഇറങ്ങുന്നതും അങ്ങനെ തന്നെ.  അങ്ങനെ സ്ഥിരം യാത്ര ചെയ്തുകൊണ്ട്  പുളിഞ്ചോട് സ്റ്റേഷനിലെ ജീവനക്കാർക്ക്  എന്നെ  നല്ല  പരിചയമായി.  ദൂരെ നിന്ന് കാണുമ്പോഴേ വാതിൽ തുറക്കാനുള്ള താക്കോൽ അവർ എടുക്കും. ഉള്ളിൽ കയറ്റി പിന്നെ ലിഫ്റ്റിൽ കയറ്റി വിടും. പ്ലാട്ഫോമിൽ എത്തിയാൽ മെട്രോ ട്രെയിനിന്റെ  ഏറ്റവും  ആദ്യത്തെ  വാതിലിന്റെ ഭാഗത്തായി  എന്നെ  വിളിച്ചു  നിർത്താൻ  സെക്യൂരിറ്റി  റെഡി.  അത് മുൻഗണന വേണ്ടവർക്കുള്ള ഭാഗമാണത്രെ. ആദ്യമൊക്കെ കരുതിയത് ഇത് ആ സ്റ്റേഷനിൽ ഉള്ളജീവനക്കാരുടെ മാത്രം മര്യാദയാണ് എന്നാണ്.

പക്ഷെ എനിക്ക് തെറ്റി. പുളിഞ്ചോട് സ്റ്റേഷൻ കഴിഞ്ഞാൽ ഞാൻ ഏററവും കൂടുതൽ ഉപയോഗിച്ചത്  ലുലു മാളിൽ പോകാൻ വേണ്ടി ഇടപ്പള്ളി മെട്രോ സ്റ്റേഷനാണ്. അവിടെയും അനുഭവം മറ്റൊന്നല്ല.  വളരെ തിരക്കുള്ള സ്റ്റേഷൻ ആണെങ്കിലും തെല്ലും മുഖം ചുളിക്കാതെ എല്ലാ പരിഗണനയും തന്ന് ഒരു പുഞ്ചിരിയോടെ അവർ കയറ്റിവിടും. ഒരിക്കൽ, ലുലു മാളിലെ കറക്കം കഴിഞ്ഞു വീട്ടിലേയ്ക്ക്  പോകാൻ  സ്റ്റേഷനിലേക്ക്  കയറിയ  ഞാൻ  ഞെട്ടി.  റോഡ് വരെ ക്യൂ.  പുറത്ത്  നിന്ന  പോലീസുകാരൻ  എന്നെ വിളിച്ച് ചോദിച്ചു, “റോഡ്  ക്രോസ്  ചെയ്യാൻ  പറ്റുമോ  മാഡം?  ഇവിടെ  നിന്നാൽ ഇപ്പോഴെങ്ങും  കയറാൻ പറ്റുമെന്നു തോന്നുന്നില്ല.”  ഞാൻ ഒരൽപം സംശയിച്ചു നിന്നു. ആ  പോലീസുകാരൻ  നടന്ന്  എന്നെ റോഡ് ക്രോസ് ചെയ്യാൻ സഹായിച്ചു.  അപ്പുറത്തെ ഭാഗത്തുള്ള സ്റ്റേഷനിലൂടെ ഞാൻ  കയറി  സുഖമായി പോയി.  ഇതൊക്കെ ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ കാഴ്ചയ്ക്ക് ഒരൽപം ബുദ്ധിമുട്ടുള്ള എന്റെ അച്ഛൻ സമാനമായ അനുഭവം എന്നോടിങ്ങോട്ടും പറഞ്ഞു. കയറുന്നതിനിടയ്ക്ക് അല്പം തപ്പുന്നതായി  കണ്ടപ്പോൾ  കൂടെ  കൊണ്ടുപോയി ട്രെയിനിൽ കയറ്റിവിട്ട അവിടുത്തെ ജോലിക്കാരെ അച്ഛൻ നന്ദിയോടെ ഓർക്കുന്നു.

ഇത്രയും സഹായ മനസ്ഥിതി ഒരേപോലെ അവർക്കുണ്ടാകുന്നതിൽ എനിയ്ക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.  ഒരുപക്ഷെ അവർക്ക്  ലഭിച്ച പരിശീലനം അത്രയും നല്ലതായിരിക്കണം.  അങ്ങനെയാകുമ്പോൾ  ആ മര്യാദ പറഞ്ഞു കൊടുത്തവരെയും പ്രശംസിക്കാതെ വയ്യ. അങ്ങനെ എത്രയോ മനസ്സുകളെ സ്പർശിച്ചുകൊണ്ട്  കൊച്ചി മെട്രോ നല്ല സംസ്കാരത്തിന്റെയും മര്യാദയുടെ വക്താവാകുന്നു.  കൊച്ചി മെട്രോയോടുള്ള   എന്റെ  ഹൃദയം  നിറഞ്ഞ  നന്ദിയും  സ്നേഹവും  ഞാൻ  ഇവിടെ പങ്കുവയ്ക്കുന്നു. ഒപ്പം എല്ലാ ആശംസകളും നേരുന്നു.

ഈ കുറിപ്പ് ഫെയ്‌സ്ബുക്കിൽ ഒരു വ്യക്തിപരമായ പോസ്റ്റ് ആയി ഇട്ടപ്പോൾ വന്ന പ്രതികരണങ്ങൾ  എന്നെ കൂടുതൽ അത്ഭുതപ്പെടുത്തുന്നു. ചിലർ കണ്ട മറ്റു മനോഹരമായ കാഴ്ചകൾ അന്ന് കമന്റുകളിൽ അവർ കൂട്ടിച്ചേർത്തിരുന്നു. കാലൊടിഞ്ഞു ക്രച്ചസിന്റെ സഹായത്തോടെ  വന്ന ഒരു സുഹൃത്തിനെ  കരുതലോടെ മെട്രോ ജീവനക്കാർ ട്രെയിനിൽ കയറ്റിവിട്ടത്, സീറ്റിൽ ഉറങ്ങി പോയ പ്രായമായ ഒരാളെ സ്നേഹപൂർവ്വം വിളിച്ചെഴുന്നേല്പിച്ചു  കൊണ്ടുപോയത്,  ആദ്യമായി  മെട്രോ  ട്രെയിൻ  കയറാൻ  വന്നവരെ മടുപ്പില്ലാതെ കൃത്യമായി വഴികാട്ടിയത്… അങ്ങനെ എത്രയോ അനുഭവങ്ങൾ അവിടെ കമന്റുകളിൽ പങ്കുവയ്ക്കപ്പെട്ടു! ഈ ലേഖനം ലക്‌ഷ്യം കണ്ടത്  അത്  കൃത്യമായ  വ്യക്തികളിലേക്ക്  എത്തിയപ്പോഴാണ്. മെട്രോയിലെ മുകൾത്തട്ടിൽ ഉള്ളവർ മുതൽ മെട്രോ സ്റ്റേഷനിലെ  ജീവനക്കാരിലേക്ക് വരെ ഈ സന്ദേശം എത്തിച്ചേർന്നപ്പോൾ ഉണ്ടായ സന്തോഷംവലുതാണ്. സ്റ്റേഷനിലെ സ്റ്റാഫിൽ കുറെ പേർ അവരുടെ സന്തോഷം  കമന്റുകളായി  എഴുതിവച്ച.  ആ കുറിപ്പ് വായിച്ച ദിവസം അവരിൽ ഉണ്ടായ “എക്സ്ട്രാ എനർജി” യെക്കുറിച്ച്  ഒരു  സ്റ്റാഫ്  എഴുതിയത് കണ്ടപ്പോൾ മനസിലുണ്ടായ നിറവ് ചെറുതല്ല .  യഥാർത്ഥത്തിൽ കുറ്റങ്ങളും കുറവുകളും മാത്രം പങ്കുവയ്ക്കുമ്പോഴുണ്ടാകുന്ന അനുഭവത്തെക്കാൾ എത്രയോ മനോഹരമാണ്വാക്കുകളും പ്രവൃത്തികളും കൊണ്ട് മറ്റൊരാളുടെ ദിനം തന്നെ ഒരു സുദിനമായി മാറ്റുന്നത്!

 

Jyothy Sreedhar, a native of Aluva is an Assistant Professor of English at SVR NSS College, Kottayam. She writes on social, political and humanitarian subjects in her Facebook page – @JyoVoice, which has over twenty thousand followers.

 

 

 

 

 

 

 

Be Sociable, Share!